പേരാവൂർ: ഒരു അനസ്തെറ്റിസ്‌റ്റ് പോലുമില്ലാതെ പേരാവൂർ താലൂക്കാശുപത്രി. പ്രസവ ശുശ്രൂഷ തേടിയെത്തുന്നവരെ കണ്ണൂരിലേക്കോ തലശ്ശേരിയിലേക്കോ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കോ പറഞ്ഞയച്ച് നമ്പർ 1 കേരളത്തിലെ ആരോഗ്യ വകുപ്പ്. അനസ്തെറ്റിസ്‌റ്റ് തസ്തിക പോലും പേരാവൂരിന് അനുവദിക്കാൻ നമ്പർ വൺ സർക്കാരിന് സാധിച്ചിട്ടില്ല. അനസ്തെറ്റിസ്‌റ്റ്
ഇല്ലാതായതോടെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രസവ ശുശ്രൂഷ വിഭാഗത്തിൻ്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. മുൻപ് വർക്ക് അറേഞ്ച്മെന്റ് വഴിയാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ അനസ്തെറ്റിസ്‌റ്റിനെ ഇതുവരെ ലഭിച്ചിരുന്നത് നിലവിൽ ഉണ്ടായിരുന്ന ഡോക്ടർ ഉപരിപഠനത്തിനായി പോയതോടെയാണ് ഗൈനക്കോളജി വിഭാഗത്തിലെ പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയിലേക്ക് എത്തിയത് ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്‌ടർമാർ ഉണ്ടായിരുന്നു. ഇതിൽ ഒരാളും സ്‌ഥലം മാറി പോയി. പ്രസവത്തിനായി പ്രവേശിപ്പിക്കാൻ എത്തുന്നവരെ ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്കും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും അയക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടിട്ടും ഇവിടെ അനസ്തെറ്റിസ്‌റ്റ് തസ്തിക അനുവദിച്ചിരുന്നില്ല. ഇടയ്ക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പരിഗണന നൽകി ഇവിടെ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിരുന്നു. എന്നാൽ സമീപ കാലത്തായി പലപ്പോഴും അനസ്തെറ്റിസ്‌റ്റിൻ്റെ സേവനം ലഭിക്കാതെ വന്നതോടെയാണ് സർജറി അടക്കമുള്ള പ്രസവ ശുശ്രൂഷകൾ മുടങ്ങിയത്. അടുത്തുള്ള ഇരിട്ടി താലൂക്ക് ആശുപത്രിയിലും അനസ്തെറ്റിസ്റ്റ് ഇല്ല. രണ്ടിടത്തും അനസ്തെറ്റിസ്‌റ്റിന്റെ തസ്തിക അനുവദിക്കണം എന്ന് സണ്ണി ജോസഫ് എംഎൽഎ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിയമനത്തിന് ആരോഗ്യ വകുപ്പ് തയാറായില്ല. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളും ആറളം ഫാമും ഉൾക്കൊള്ളുന്ന വിശാലമായ പ്രദേശത്ത് ഉള്ള സാധാരണക്കാരും ആദിവാസികളുമാണ് ഗർഭകാല ചികിത്സകൾക്കും ശുശ്രൂഷകൾക്കും വേണ്ടി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. സർജറി അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരുന്നു. പുതിയ കെട്ടിടം നിർമാണം ആരംഭിക്കുമ്പോൾ ഗൈനക്കോളജി വിഭാഗം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഡോക്ടർമാരെ നിയമിക്കാത്ത പക്ഷം ജനങ്ങൾ വലയും എന്ന് ഉറപ്പാണ്.
No anesthetist in Peravoor taluk hospital number one in Kerala. In fact, even in Iriti.